സ്ത്രീപീഡനങ്ങള്‍ അവസാനിക്കുന്നില്ല

ഉയര്‍ന്ന സാക്ഷരതയും വിദ്യാഭ്യാസവും കൈവരിച്ച് സമൂഹം ദ്രുതഗതിയില്‍ വളരുന്നുവെന്നും ഏറെ പരിഷ്‌കൃതമായെന്നും അഭിമാനിക്കുന്ന നാം ബോധപൂര്‍വം മറക്കുന്ന ഒരു കാര്യം ദിനംതോറും വര്‍ദ്ധിക്കുന്ന സ്ത്രീകള്‍ക്കെതിരായ അക്രമമാണ്. ഒരു പരിഷ്‌കൃത സമൂഹത്തില്‍ കേട്ടുകേള്‍വി പോലുമില്ലാത്ത വിധമാണീ അക്രമങ്ങള്‍ വര്‍ദ്ധിക്കുന്നത്. ഇവ ഏറ്റവും കൂടുതല്‍ ഏത് മേഖലയിലാണെന്ന് ഇനം തിരിച്ചുപറയേണ്ടതുണ്ടെന്ന് തോന്നുന്നില്ല. സ്ത്രീകളുമായി ബന്ധപ്പെട്ട മിക്ക മേഖലകളിലും സ്ത്രീകള്‍ക്കെതിരായ അക്രമവും പീഡനവും ലൈംഗിക ചൂഷണവും തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. ചെങ്കല്‍ ചൂളയില്‍ പണിയെടുക്കുന്ന കൂലിപ്പണിക്കാരി തൊട്ട് യു.എന്നില്‍ ജോലി ചെയ്യുന്ന സ്ത്രീ ഡിപ്ലോമാറ്റ് വരെ വിവിധ തരം പീഡനവും ചൂഷണവും നേരിടുന്നുവെന്നതാണ് സത്യം..

ജോലിസ്ഥലത്തെ മേലുദ്യോഗസ്ഥരുടെ പീഡനം, വീട്ടില്‍ ഭര്‍ത്താവിന്റെയും മക്കളുടെയും ശല്യം, യാത്ര ചെയ്യുമ്പോള്‍ പുരുഷ യാത്രക്കാരുടെ ലൈംഗിക വൈകൃതങ്ങള്‍ ഇങ്ങിനെ എണ്ണിയാലൊടുങ്ങുന്നില്ല സ്ത്രീകള്‍ക്കെതിരായ അക്രമങ്ങള്‍. കേരളത്തില്‍ ഗാര്‍ഹിക പീഡനവും ജോലിസ്ഥലത്തെ പീഡനവും നിത്യവും വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു. സ്ത്രീധനം ഇതില്‍ വലിയ പങ്ക് വഹിക്കുന്നുണ്ട്. ആര്‍ഭാട വിവാഹങ്ങള്‍ ഒടുവിലവസാനിക്കുന്നത് ആത്മഹത്യകളിലോ വേര്‍പിരിയലുകളിലോ ആണ്.

ലൈംഗികമായ കപട സദാചാരം കേരളം നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നമാണ്. വിദ്യാഭ്യാസം, ജോലി, സമ്പത്ത് എന്നിവയെല്ലാം വളര്‍ച്ച കാണിക്കുമ്പോഴും ലൈംഗികതയുടെ കാര്യത്തില്‍ കേരളം എന്നത്തെക്കാളും പിന്നോട്ടാണ്. ഇത് സ്ത്രീ പീഡനങ്ങള്‍ക്ക് വലിയ സംഭാവന നല്‍കുന്നുണ്ട്. കൊച്ചു കുട്ടികള്‍ തൊട്ട് വൃദ്ധകള്‍ വരെ ലൈംഗിക വൈകൃതങ്ങള്‍ക്ക് ഇരയാക്കപ്പെടുന്നു. എട്ടും പത്തും വയസ്സുള്ള പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തുന്നത് കേരളത്തില്‍ വ്യാപകമാവുകയാണ്. അടുത്തയിടെ ഇത്തരം നിരവധി കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഒറ്റയ്ക്ക് താമസിക്കുന്ന വൃദ്ധരായ സ്ത്രീകളെ ആഭരണത്തിനും പണത്തിനും വേണ്ടി കൊല ചെയ്യുന്നതും ഇപ്പോള്‍ നിത്യേനയെന്നോണം പത്രങ്ങള്‍ക്ക് തലക്കെട്ടുകളാണ്.

ജനസംഖ്യയുടെ പകുതിയോളം വരുന്ന സ്ത്രീകളുടെ അവസ്ഥ ഏറെയൊന്നും മെച്ചമല്ല.പതീറ്റാണ്ടുകളായി ഇന്ത്യയില്‍ ഉയര്‍ന്നുകേള്‍ക്കുന്ന ലിംഗസമത്വം എന്നാല്‍ ഇപ്പോഴും ഒരു ആവശ്യമായി തുടരുകയാണ്. വ്യക്തികളുമായി ബന്ധപ്പെട്ട ഉയര്‍ന്ന സാമൂഹിക പദവികള്‍, സമ്പത്ത് എന്നിവയെല്ലാം സ്ത്രീകള്‍ക്കെതിരായ അക്രമങ്ങളെ സ്വാധീനിക്കുന്നവയാണ്. ലിംഗവ്യത്യാസവുമായി ബന്ധപ്പെട്ട അക്രമങ്ങളെല്ലാം സ്ത്രീയ്ക്കും പുരുഷനുമിടയിലുള്ള അധികാര വ്യത്യാസങ്ങളും അധികാരത്തിലെ അസന്തുലിതാവസ്ഥയും കാരണമാണ്. ഇന്ത്യയില്‍ സ്ത്രീകള്‍ക്കെതിരായ അക്രമത്തിന് പ്രധാന കാരണം സമൂഹത്തിലെ പിതൃത്വ അധികാരങ്ങളും മാടമ്പി രീതികളുമാണ്. പുരുഷകേന്ദ്രീകൃതമായ ഈ വ്യവസ്ഥിതി സ്ത്രീകളെ ചവിട്ടിയരക്കുന്നതിന് കാരണമാകുന്നു. കുടുംബത്തിലും സമുദായത്തിലും സമൂഹത്തിലും സ്ത്രീകള്‍ രണ്ടാംകിട പൗരന്‍മാരായിട്ടാണ്. മാനസികവും ശാരീരികവുമായ പീഡനങ്ങള്‍, പെണ്‍കുട്ടികള്‍ ജനിക്കുന്നതിന് മുമ്പോ ശേഷമോ അവരെ കൊലപ്പെടുത്തുന്നത് എന്നിവയെല്ലാം ഇപ്പോഴും ഇന്ത്യയില്‍ വ്യാപകമായി നിലനില്‍ക്കുന്നു.

ലിംഗവ്യത്യാസത്തിന്റെ അടിസ്ഥാനത്തിലുള്ള അക്രമം ഏറ്റവും കൂടുതല്‍ സംഭവിക്കുന്നത് വീടുകളിലാണ്. ഭാഷ, രാജ്യം, വര്‍ഗം സംസ്‌കാരം, സാമ്പത്തികസ്ഥിതി എന്നീ വ്യത്യാസങ്ങളില്ലാതെ ഗാര്‍ഹികപീഡനം ലോകത്തെവിടെയുമുണ്ട്. വര്‍ദ്ധിക്കുന്ന മദ്യപാനം ഗാര്‍ഹിക പീഡനങ്ങള്‍ക്ക് പ്രധാന കാരണമാണ്. ഇക്കാര്യത്തില്‍ കേരളം സകല റെക്കോഡുകളും സമീപകാലത്തുതന്നെ തകര്‍ക്കുമെന്നത് ഉറപ്പാണ്. മദ്യത്തിന് പുറമെ മറ്റ് ലഹരി പദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കുന്നതും ഇതുവഴി സാമ്പത്തിക അരക്ഷിതാവസ്ഥയിലേയ്ക്ക് എളുപ്പം വഴുതിവീഴുന്നതും നേരിട്ടോ അല്ലാതെയോ വലിയ സമ്മര്‍ദ്ദമുണ്ടാക്കുന്നത് സ്ത്രീകളിലാണ്. ഇത് പലപ്പോഴും ചിന്തിക്കാന്‍ പോലും പറ്റാത്ത വിധം അവരെ മാനസിക പീഡനങ്ങളിലേയ്ക്ക് തള്ളിവിടുന്നു.
ഭര്‍ത്താക്കന്‍മാരാലുള്ള ശാരീരികവും മാനസികവുമായ പീഡനം, ഭാര്യയെത്തന്നെ ബലാത്സംഗം ചെയ്യുന്ന അവസ്ഥ എല്ലാം വര്‍ദ്ധിച്ചുവരുന്നു. ഭര്‍തൃവീട്ടില്‍ നിന്നുള്ള മറ്റ് തരം പീഡനങ്ങള്‍, അമിതമായ വീട്ടുജോലികള്‍, ആരോഗ്യപ്രശ്‌നങ്ങള്‍ അവഗണിക്കപ്പെടുന്നത് എന്നിങ്ങനെ സ്ത്രീകളെ തളര്‍ത്തുന്ന കാര്യങ്ങള്‍ ഏറെയാണ്. വ്യക്തിസ്വാതന്ത്ര്യത്തിലെ വിലക്കുകള്‍, സാമൂഹികമായ ഇടപെടലുകള്‍ അനുവദിക്കാതിരിക്കല്‍, വ്യക്തിഹത്യ, സാമ്പത്തിക സ്വാതന്ത്ര്യമില്ലായ്മ, കടുത്ത അപമാനം, ഭീതി എന്നിങ്ങനെ വീട്ടില്‍ സ്ത്രീകള്‍ നിരവധി പ്രശ്‌നങ്ങള്‍ നേരിടുന്നു. ഇത്തരം പ്രശ്‌നങ്ങള്‍ സ്ത്രീകളുടെ മാനസികനില തന്നെ തെറ്റിക്കുന്നു.

ഉദ്യോഗസ്ഥകളായ സ്ത്രീകള്‍ ജോലിസ്ഥലത്ത് മേലുദ്യോഗസ്ഥന്‍മാരാലും മറ്റും നിരവധി പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട്. ഇതില്‍ പ്രധാനമായും ലൈംഗികമായ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടുള്ള മാനസിക പീഡനങ്ങളാണ്. കടുത്ത രീതിയിലുള്ള അപവാദ പ്രചരണം, വ്യക്തിഹത്യ എന്നിവയെല്ലാം ഇതിന്റെ ഭാഗമാണ്. യൂണിവേഴ്‌സിറ്റികളിലെ ഗവേഷണ വിദ്യാര്‍ത്ഥിനികള്‍ അവരുടെ ഗൈഡുകളാല്‍ ലൈംഗിക ചൂഷണത്തിന് ഇരയാക്കപ്പെടുന്നത്, കായികരംഗത്ത് അത്‌ലറ്റുകള്‍ അവരുടെ കോച്ചുകളില്‍ നിന്ന് നേരിടുന്ന ലൈംഗിക ഭീഷണി എന്നിവയെല്ലാം ഇപ്പോള്‍ രഹസ്യമല്ല. അടുത്തയിടെ മാതൃഭൂമി ലേഖകന്‍ എഴുതിയ ഒരു പരമ്പരയില്‍ കേരളത്തിലെ സ്‌കൂളുകളില്‍ അധ്യാപകരാല്‍ ലൈംഗിക ചൂഷണം നേരിടുന്ന പെണ്‍കുട്ടികളുടെ ഞെട്ടിക്കുന്ന കഥകളാണ് പുറത്തുവന്നത്. ലോവര്‍ പ്രൈമറി സ്‌കൂളുകളിലെ ചെറിയ കുട്ടികളെപ്പോലും പല അധ്യാപകരും വെറുതെവിടുന്നില്ല എന്നത് മന:സ്സാക്ഷിയുള്ളവരെ ഞെട്ടിപ്പിക്കുന്നതാണ്.

ഇങ്ങിനെ വീട്ടിലും ഓഫീസിലും സ്‌കൂളിലും ബസ്സിലും യൂണിവേഴ്‌സിറ്റികളിലും എന്നുവേണ്ട സകലയിടത്തും നേരിടേണ്ടിവരുന്ന പീഡനങ്ങളെ പലപ്പോഴും പുറത്തുപറയാന്‍ പോലും പറ്റാത്ത വിധം സ്ത്രീകള്‍ക്ക് രഹസ്യമാക്കിവെക്കേണ്ടിവരുന്നു. ഇതിന് പല കാരണങ്ങളുണ്ട്. ഏതെങ്കിലും തരത്തില്‍ ഇവര്‍ ഇത് പുറത്തുപറഞ്ഞാല്‍ സമൂഹം അത് ശരിയായ രീതിയിലല്ല കൈകാര്യം ചെയ്യുക. സ്വന്തം വീട്ടില്‍ നിന്നും ഭര്‍ത്താക്കന്‍മാരില്‍ നിന്ന് പോലും ഇവയെല്ലാം ഒളിക്കാന്‍ ഇവര്‍ നിര്‍ബന്ധിക്കപ്പെടുന്നു. അഥവാ ആരെങ്കിലും ഇത് പുറത്തുപറയാനോ കേസ് കൊടുക്കാനോ തുനിഞ്ഞാല്‍ വിവാഹമോചനം പോലെ ഗുരുതരമായ അവസ്ഥാ വിശേഷങ്ങളാണ് സ്ത്രീകള്‍ നേരിടേണ്ടിവരിക.

വീട്ടില്‍ നേരിടുന്ന അക്രമങ്ങള്‍ പല സ്ത്രീകളും സഹിക്കുന്നു. വിവാഹ മോചനം ഇതിനൊരു പരിഹാരമായി സാധാരണ സ്ത്രീകള്‍ കാണുന്നില്ല. പകരം ഇതൊക്കെ വിധിയാണെന്ന നിലയില്‍ സഹിക്കുന്നു. പലപ്പോഴും വളര്‍ന്നുവരുന്ന കുട്ടികളുടെ ഭാവിയെക്കുറിച്ചോര്‍ത്താണ് സ്ത്രീകള്‍ ഇതൊക്കെ സഹിക്കാന്‍ തയ്യാറാകുന്നത്. ഗാര്‍ഹിക പീഡനം കുടുംബജീവിതത്തിന്റെ ഭാഗമായി അവര്‍ അംഗീകരിക്കുന്നു.
സ്വന്തം നിലിയില്‍ വരുമാനമില്ലാത്തവരാണ് ഇക്കാര്യങ്ങള്‍ സഹിക്കുന്നതില്‍ കൂടുതലുമെന്ന് 2000ല്‍ നടത്തിയ നാഷണല്‍ ഹെല്‍ത്ത് സര്‍വേയില്‍ പറയുന്നു. എന്നാല്‍ പതുക്കെയെങ്കിലും പലരും കാര്യങ്ങള്‍ തുറന്നുപറഞ്ഞുതുടങ്ങിയിട്ടുണ്ട്. സ്ത്രീപീഡനങ്ങള്‍ തടയാന്‍ മനുഷ്യാവകാശങ്ങള്‍ ഉറപ്പുവരുത്താനും ഭരണഘടനാപരമായ അവകാശവും നിയമങ്ങളുമുണ്ടെന്ന കാര്യം മിക്ക സ്ത്രീകള്‍ക്കുമറിയില്ല. അറിയുന്നവര്‍ക്കാകട്ടെ ഇത്തരം നിയമപരിരക്ഷകള്‍ നേടിയെടുക്കുന്നതിന് ആവശ്യമായ സാമ്പത്തികാവസ്ഥയോ ബന്ധങ്ങളോ ഇല്ലതാനും. എന്നാല്‍ നിയമപരമായ സാക്ഷരത നേടുന്നതിനുവേണ്ടി സാമൂഹിക പ്രവര്‍ത്തകരും സന്നദ്ധ സംഘടനകളും സര്‍ക്കാരുമെല്ലാം നിരവധി ക്യാംപയിനുകള്‍ നടത്തുന്നത് വലിയ പ്രതീക്ഷ നല്‍കുന്നുണ്ട്. ഈ സഹായങ്ങള്‍ സ്ത്രീകളെ കൂടുതല്‍ ആത്മവിശ്വാസമുള്ളവരാക്കി മാറ്റുന്നുണ്ട്. ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ നിയമത്തിന്റെ പ്രയോജനം ജോലിക്കാര്‍ക്ക് ലഭിക്കുന്നത് തടയാന്‍ ശ്രമിക്കുന്നുണ്ടോ, പരാതികള്‍ സ്വീകരിക്കേണ്ട സമിതികള്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുണ്ടോ തുടങ്ങിയവ അധികൃതരുടെ നിരന്തരമായ മേല്‍നോട്ടം ആവശ്യമായ കാര്യങ്ങളാണ്.

അതിക്രമങ്ങള്‍ക്കെതിരെ പരാതിപ്പെടുന്നവര്‍ക്ക് ഏത് തൊഴിലിടത്തിലായാലും, സംരക്ഷണം ഉറപ്പാക്കുന്നതെങ്ങനെയെന്നതാണ് മറ്റൊരു പ്രശ്‌നം. ഇതിനുള്ള വഴികള്‍ കണ്ടെത്താന്‍ വിശദമായ ചര്‍ച്ച വേണ്ടിവരും. ഇക്കാര്യത്തില്‍ ബോധവത്കരണ പരിപാടികളും വ്യാപകമാക്കിയേ മതിയാകൂ. സ്ത്രീകളുടെ അന്തസ്സും വ്യക്തിത്വവും സംരക്ഷിക്കുന്നതിന് കൂടുതല്‍ നിയമങ്ങള്‍ അനിവാര്യമാകുന്ന സ്ഥിതിവിശേഷം പൊതുസമൂഹത്തിന് ആത്മപരിശോധനയ്ക്ക് പ്രേരകമാകണം. പൊതുവെ സ്ത്രീകള്‍ നേരിടുന്ന വിവേചനവും അവഗണനയും അവര്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ വര്‍ധിക്കാനും ഇടയാക്കുന്നുണ്ട്. നിയമം കൊണ്ടുവരുന്നതിനൊപ്പം, സമൂഹത്തിന് സ്ത്രീകളോടുള്ള കാഴ്ചപ്പാടില്‍ മാറ്റം വരുത്താനുള്ള പരിശ്രമങ്ങളും ഊര്‍ജിതമാക്കുകയാണ് വേണ്ടത്.
2005ല്‍ കേന്ദ്രസര്‍ക്കാര്‍ പാസ്സാക്കിയ ഗാര്‍ഹിക പീഡന നിയമം വിപ്ലവകരമായ മാറ്റങ്ങളുണ്ടാക്കാന്‍ പര്യാപ്തമാണ്.
നിസ്സഹായത, ഭയം, സമ്മര്‍ദം, ഭീഷണി, അപമാനം തുടങ്ങിയ കാരണങ്ങളാല്‍ പീഡനശ്രമങ്ങളെ ചെറുക്കാനാവാതെ വിഷമിക്കുന്ന സ്ത്രീകള്‍ ധാരാളം ഉണ്ട്. പരാതികള്‍ ഉണ്ടായാല്‍ത്തന്നെ നിയമങ്ങളിലെ പഴുതുകള്‍ ഉപയോഗിച്ച് കുറ്റവാളികള്‍ പലപ്പോഴും രക്ഷപ്പെടുന്നു. പരാതിപ്പെട്ടതിന്റെ പേരില്‍ സ്ത്രീകള്‍ പ്രതികാരനടപടികള്‍ നേരിടേണ്ടിവരുന്നതും അസാധാരണമല്ല.
നിയമങ്ങളില്ലാത്തതല്ല നടപ്പാക്കുന്നതില്‍ വരുന്ന പ്രായോഗിക ബുദ്ധിമുട്ടുകളും വീഴ്ചകളുമാണ്, പല മേഖലകളിലും ആശാസ്യമല്ലാത്ത സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതിനു പ്രധാന കാരണം.
ജോലിസ്ഥലങ്ങളില്‍ സ്ത്രീകള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ തടയുന്നതിനുള്ള ബില്ലിന് കേന്ദ്രമന്ത്രിസഭ 2010 നവംബര്‍ നാലിന് അംഗീകാരം നല്‍കിയിരുന്നു. ലൈംഗികാതിക്രമങ്ങള്‍ക്കെതിരെ നടപടിയെടുക്കുന്നതില്‍ പരാജയപ്പെടുന്ന തൊഴില്‍ ദാതാവിന് 50,000 രൂപവരെ പിഴ ബില്ലില്‍ ശുപാര്‍ശ ചെയ്യുന്നുണ്ട്. 'ജോലിസ്ഥലത്തെ ലൈംഗികാതിക്രമത്തില്‍ നിന്ന് സ്ത്രീകളെ സംരക്ഷിക്കുന്ന നിയമം- 2010' എന്നാണ് പുതിയ നിയമത്തിന്റെ പേര്. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍, പൊതുമേഖലാസ്ഥാപനങ്ങള്‍, അസംഘടിതമേഖലയടക്കമുള്ള സ്വകാര്യ തൊഴില്‍മേഖല എന്നിവയെല്ലാം ഈ നിയമത്തിന്റെ കീഴില്‍ വരും. എന്നാല്‍ ഗാര്‍ഹിക ജോലിക്കാര്‍ ഈ നിയമത്തിന്റെ പരിധിയില്‍ പെടില്ല. കോളേജുകളിലെയും സര്‍വകലാശാലകളിലെയും ഗവേഷണവിദ്യാര്‍ഥികള്‍, മറ്റു വിദ്യാര്‍ഥികള്‍, ആസ്​പത്രികളില്‍ കഴിയുന്ന രോഗികള്‍ തുടങ്ങിയവര്‍ക്കും നിയമപരിരക്ഷ ലഭിക്കും. നിയമത്തിന്റെ അടിസ്ഥാനത്തില്‍ എല്ലാ സ്ഥാപനങ്ങളിലും ലൈംഗികാതിക്രമം സംബന്ധിച്ച പരാതികള്‍ സ്വീകരിക്കുന്നതിന് സമിതികള്‍ രൂപവത്കരിക്കണം.

ലിംഗസമത്വവും ജീവിക്കുന്നതിനും തൊഴിലെടുക്കുന്നതിനുമുള്ള തുല്യാവസരവും യാഥാര്‍ഥ്യമാക്കുന്നതിന് ഈ ബില്‍ സഹായിക്കും. ജോലിസ്ഥലത്തെ സുരക്ഷിതത്വബോധം കൂടുതല്‍ മെച്ചപ്പെട്ട തൊഴില്‍ അന്തരീക്ഷത്തിനും അതുവഴി സ്ത്രീകളുടെ സാമ്പത്തിക ശാക്തീകരണത്തിനും സഹായകമായിരിക്കും ഈ ബില്‍.

ശാരീരികമായ സ്​പര്‍ശം, ശാരീരിക ബന്ധത്തിനുള്ള ശ്രമം, അതിനുള്ള അഭ്യര്‍ഥനയോ ആവശ്യമോ, മറ്റേതെങ്കിലും ലൈംഗികാവശ്യങ്ങള്‍ ഉന്നയിക്കുക, ലൈംഗികചുവയുള്ള സംഭാഷണങ്ങള്‍ നടത്തുക, നഗ്‌നചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുക, മറ്റേതെങ്കിലും തരത്തില്‍ അനാശാസ്യമായ ശാരീരികമോ വാചികമോ അല്ലാതെയോ ഉള്ള പരാമര്‍ശങ്ങള്‍ നടത്തുക തുടങ്ങിയവയെ ലൈംഗികാതിക്രമമായി കണക്കാക്കും.
ഇതുകൂടാതെ, സ്ത്രീകള്‍ക്ക് ജോലി നല്‍കുന്നതിന് പകരമായി ലൈംഗികബന്ധത്തിന് ആവശ്യപ്പെടുക, നിരസിക്കപ്പെട്ടാല്‍ ജോലി കളയുമെന്ന് ഭീഷണിപ്പെടുത്തുക, ജോലി ചെയ്യാനാവാത്ത വിധത്തില്‍ മോശമായ തൊഴില്‍ അന്തരീക്ഷം സൃഷ്ടിക്കുക തുടങ്ങിയവയും തൊഴില്‍സ്ഥലത്തെ ലൈംഗികാതിക്രമമായി ചിത്രീകരിക്കപ്പെടും.

തൊഴിലാളികളായ സ്ത്രീകള്‍ക്കുമാത്രമല്ല ഈ നിയമത്തിന്റെ പരിരക്ഷ ലഭിക്കുക. ജോലിസ്ഥലത്തെത്തുന്ന കക്ഷികള്‍,

ഉപഭോക്താക്കള്‍, അപ്രന്‍റീസ് തൊഴിലാളികള്‍, താത്കാലിക ജീവനക്കാര്‍, ദിവസക്കൂലി ജോലിക്കാര്‍ എന്നിവര്‍ക്കും ഈ ബില്ലിന്റെ സംരക്ഷണം ലഭിക്കും. വ്യത്യസ്ത തൊഴില്‍മേഖലകളിലേക്ക് ആത്മവിശ്വാസത്തോടെ കൂടുതല്‍ സ്ത്രീകള്‍ കടന്നുവരാന്‍ തയ്യാറാകുമെന്നതാണ് ഈ ബില്ലിന്റെ ഒരു നേട്ടം.

1999 ഡിസംബര്‍ 17ന് ഐക്യരാഷ്ട്രസഭ എല്ലാ വര്‍ഷവും നവംബര്‍ 25 സ്ത്രീകള്‍ക്കെതിരായ അക്രമം ഇല്ലായ്മ ചെയ്യാനുള്ള അന്താരാഷ്ട്രദിനമായി പ്രഖ്യാപിച്ചു. ഈ ദിവസം അന്താരാഷ്ട്ര സംഘടനകളും സര്‍ക്കാരിതര അസോസിയേഷനുകളും സ്ത്രീകള്‍ക്കെതിരായ അക്രമങ്ങള്‍ ഇല്ലായ്മ ചെയ്യുന്നതിനുള്ള ബോധവത്കരണ ക്യാംപയിനുകള്‍ സംഘടിപ്പിക്കുന്നു. 1981 മുതല്‍ വനിതാ സാമൂഹിക പ്രവര്‍ത്തകര്‍ അക്രമത്തിനെതിരായ ദിവസമായി ആചരിച്ച്‌പോരുന്നു. 1960ല്‍ ഡൊമിനിക്കന്‍ റിപ്പബ്ലിക്കില്‍ ഈ ദിവസം ഭരണകൂടത്താല്‍ കൊല്ലപ്പെട്ട വനിതാ സാമൂഹിക പ്രവര്‍ത്തകരുടെ സ്മരണാര്‍ത്ഥമാണ് നവംബര്‍ 25 സ്ത്രീകള്‍ക്കെതിരായ അക്രമം ഇല്ലായ്മ ചെയ്യാനുള്ള ദിനമായി ആചരിക്കാന്‍ തിരഞ്ഞെടുത്തതിന് കാരണം.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ