ഒരു ആൺകുട്ടിയെ ഇതിൽ കൂടുതൽ എങ്ങനെ confuse ചെയ്യിക്കാം!!!!


എന്റെ ജീവിതത്തിൽ നിന്നു പറിച്ചെടുത്ത ഒരേടാണിത്.. അപ്രതീക്ഷമായി കിട്ടിയ ഒരു സൌഹൃദം മനം മടുപ്പിക്കുന്ന ഏകാന്തതയിൽ നിന്നും ഒരു പരിധി വരെ ആശ്വാസമായിരുന്നു. എന്നാൽ അതിനെ എനിക്കെങ്ങനെ പ്രണയത്തിന്റെ നാലതിരുകൾക്കുള്ളിൽ തളച്ചിടാനാകും? സുഹൃത്തിന്റെ പ്രണയാഭ്യർത്ഥന നിരസിച്ചു കൊണ്ട് ഞാനെഴുതിയ കത്താണിത്.. എനിക്കന്നു പ്രായം പതിനാറു വയസ്സ്.. ( പ്രണയം നിരസിക്കുകയാണെന്ന് അവനു മനസ്സിലായോ എന്നു മാത്രം എന്നോട് ചോദിക്കരുത്..)



Sebi,
'അറിയില്ല' എന്ന എന്റെ വാക്കിൽ നിന്നും നീ വായിച്ചെടുത്ത ആ ഉത്തരം; അതൊരു പക്ഷേ നിന്നെക്കാൾ കൂടുതൽ വേദനിപ്പിച്ചത് എന്നെത്തന്നെയാകാം. അല്ലെങ്കിൽ എന്തിന് ഞാനീ കത്തെഴുതുന്നു? എന്നിരുന്നാലും എനിക്ക് നിന്നോടു ചിലതു പറഞ്ഞേ പറ്റൂ....
നിനക്ക് എന്നെ കുറിച്ച് എന്തു വേണമങ്കിലും കരുതാം. ഒരുപക്ഷേ ആ ധാരണകൾ പാടേ തെറ്റാണെങ്കിൽ കൂടി തിരുത്തേണ്ട ആവശ്യം എനിക്കില്ല. അത്രമേൽ ഒരു ബന്ധവും നമ്മൾ തമ്മിലില്ലെന്ന് ആദ്യമേ വ്യക്തമായി പറയട്ടെ.. പിന്നെന്തുകൊണ്ട് ഞാനുമിത്ര വിഷമിക്കുന്നു എന്നെനിക്കറിയില്ല. എന്നാലും അതിൽ നീയെന്നിൽ നിന്നും കേൾക്കാനാഗ്രഹിക്കുന്ന വാക്കുകളൊന്നും ഉത്തരമായി കണ്ടെടുക്കാനാവില്ല.
എന്തറിയുന്നു നീ എന്നെ കുറിച്ച്....??
ബാല്യത്തിന്റെ ആദ്യപടിയിൽ തന്നെ എനിക്കെന്റെ നിഷ്കളങ്കത നഷ്ടമായി. കുട്ടിക്കാലത്ത് എന്റെ കൺകളിലുടക്കിയ ആദ്യചിത്രം രൌദ്രമുഖമായിരുന്നു. കൌമാരത്തിന്റെ ആരംഭഘട്ടത്തിലേ ഞാൻ കരയാൻ മറന്നത് ആ കണ്ണുനീർ തുടച്ചു മാറ്റാൻ ചുറ്റും കൈകൾ ഉണ്ടായിരുന്നതു കൊണ്ടല്ല. എന്റെ കൺകളിൽ നിന്നുതിരുന്ന ഓരോ അശ്രുവും മറ്റുള്ളവരിൽ പരിഹാസമുണർത്തുന്നു എന്ന വ്യക്തമായ തിരിച്ചറിവുണ്ടായപ്പോൾ ഞാൻ മനപ്പൂർവ്വം കരയാൻ മറന്നു..
മനസ്സിലായില്ല, അല്ലെ?
നീയീ കാണുന്ന ഞാനല്ല യഥാർത്ഥത്തിലുള്ള അഞ്ജു.. അതിൽ നിന്നുമെത്ര അന്തരമാണീ മുഖം..... ഞാൻ മാറിയിരിക്കുന്നു, എനിക്കു പോലും ചിന്തിക്കാനാവാത്ത വിധം..............
നീ നിന്റെ ജീവിതം ആഘോഷിക്കുന്നുവെന്ന് പറയുന്നു. ഭാവിയെ കുറിച്ച് ഉത്കണ്ഠയില്ലെന്ന്! എനിക്കറിയാം, പരമാർത്ഥമാണത്. എനിക്ക് നിന്നോട് അസൂയയാണ്; നിനക്ക് നീ പോലും ഒരു ഭാരമാവുന്നില്ലല്ലോ എന്നോർത്ത്.
അപ്പോൾ എനിക്ക് ഞാൻ ഭാരമാണോ എന്ന നിന്റെ ആശ്ചര്യഭാവം എനിക്ക് മനസ്സിലാകുന്നുണ്ട്. പക്ഷേ നീയതറിയണം, ആ വേദനയെന്തെന്ന്. അതറിയിക്കാൻ വേണ്ടി മാത്രമാണ് ഈ കത്ത്. ഇതു പറയാനാണ് ഞാനിന്നലെ നിന്നോട് ഒറ്റക്ക് സംസാരിക്കണമെന്നു പറഞ്ഞത്. പക്ഷേ തെറ്റായ വ്യാഖ്യാനമാണ് അവിടെയും ഉരുത്തിരിഞ്ഞത്. ഞാനുദ്ദേശിച്ച അർത്ഥമൊഴികെ ബാക്കിയെല്ലാം നീയതിൽ നിന്ന് വായിച്ചെടുത്തു. പക്ഷേ എന്നിട്ടും ഞാൻ പ്രത്യാശ കൈവെടിഞ്ഞില്ല. കാരണമെന്തെന്നല്ലേ?
എനിക്ക് ദുര്യോധനനാകാമെങ്കിൽ നിനക്ക് കർണ്ണനാകാനുമാകുമെന്ന് ഞാൻ കരുതി. ഇനി അതും എന്റെ മിഥ്യാധാരണയായിക്കൂടെന്നില്ല.
തികച്ചും വ്യർത്ഥമായ ചിന്തകളുടെ ഒരു കൂമ്പാരം തന്നെയാണ് ഞാൻ.. അത് നിന്നേക്കാൾ അടുത്തറിഞ്ഞ ഒരാൾ ഈ ഭൂമുഖത്തുണ്ടോ?
ഇല്ല, തിരിച്ചു വിളിക്കാൻ എനിക്കുദ്ദേശമില്ല. അതിനുള്ള കരുത്ത് എന്നിൽ അവശേഷിച്ചിട്ടുമില്ല.............. പക്ഷേ അന്ന്............ ഹൃദയരക്തം കൊണ്ട് ഞാനെഴുതിയ ഓരോ വാക്കും നീ വായിച്ചറിഞ്ഞത് വേദനയോടു കൂടി തന്നെയായിരുന്നു. നിന്നെ തള്ളിപ്പറഞ്ഞിട്ടും കൂടി നീയത് ഉൾക്കൊണ്ടു, പരിഭവമേതുമില്ലാതെ. ആ തിരിച്ചറിവാണ് എന്നെ തളർത്തിയത്. നിന്റെ നൊമ്പരങ്ങളോട് പ്രതികരിക്കാനാവാത്ത ഈ അവസ്ഥയിൽ നിന്ന് ഞാൻ ഓടിയൊളിക്കുകയാണ്, എന്നിലേക്കു തന്നെ. ഇനിയൊരു തിരിച്ചു വരവില്ലെന്ന് ഞാൻ നിന്നെ ഒരിക്കൽ കൂടി ഓർമ്മപ്പെടുത്തുന്നു.
പക്ഷേ ചിലതെല്ലാം ഞാനിപ്പോഴും മറച്ചു വെക്കുകയാണ്. മറ്റൊന്നും കൊണ്ടല്ല, അതൊന്നും ഒരാളോടും പങ്കുവെക്കാൻ ഞാനിഷ്ടപ്പെടുന്നില്ല. ഇതെല്ലാം നിനക്ക് മനസ്സിലാക്കാൻ പ്രയാസമായിരിക്കും.. എങ്കിലും.................
അറിയാതെ മനസ്സിൽ ചിറകടിക്കുന്ന സത്യങ്ങൾ ഒരു തേങ്ങലായി. എന്റെ മനസ്സിൽ തന്നെ ഞാനുപേക്ഷിക്കുകയാണ്.. ആരാണ് സെബീ, ഇവിടെ തെറ്റു ചെയ്തത്? നീയോ ഞാനോ നമ്മുടെ സാഹചര്യങ്ങളോ? ( നിനക്കറിയാമെങ്കിലും പറയരുത്...)
ഇവിടെ എഴുതപ്പെടാത്ത വാക്കുകൾ ജീവിതവീഥിയിൽ വേഗതയുടെ താളം ചമയ്ക്കുകയാണ്.. ഒരു ജീവിതം തന്നെ ശിഥിലമാകുന്നത് കളിക്കുട്ടികളുടെ നൊമ്പരം പോലുമില്ലത്ത ഭാവത്തിൽ നിസ്സംഗമായി നേരിടാനാണെന്റെ വിധി. ഒരു നിശ്ചലദൃശ്യത്തിന് ഭംഗി കൂട്ടാനെന്നവണ്ണം നിന്റെ കയ്യാൽ അണിഞ്ഞൊരുങ്ങിയ ഒരു താജ്മഹൽ ഞാനിപ്പോൾ സ്വപ്നം കാണുന്നു. സെബി, നിഗൂഢതകളുടെ വ്യാപ്തിയിലേക്ക് ഞാനീ ജന്മം ഉപേക്ഷിക്കുകയാണ്.. വിട.... ജീവിതത്തിന്റെ മധുരപ്രതീക്ഷകൾക്ക് വെൺനിലാവിന്റെ തെളിമയോടെ ഞാനെന്നും നിന്റെ സ്വപ്നങ്ങൾക്ക് ശുഭകരമായ സാഫല്യം നേരുന്നു.

1 അഭിപ്രായം:

  1. അറിയാതെ മനസ്സിൽ ചിറകടിക്കുന്ന സത്യങ്ങൾ ഒരു തേങ്ങലായി. എന്റെ മനസ്സിൽ തന്നെ ഞാനുപേക്ഷിക്കുകയാണ്

    മറുപടിഇല്ലാതാക്കൂ